Wed, Apr 22, 2026 E-Paper  |  Live Updates
Books Stories Poems Authors Search
Genius Chronicle
Books  ·  Stories  ·  Poems  ·  Authors
Home Books Short Stories Poems Authors Search
Previous
Next
Reading
ഒറ്റനോട്ടത്തിൽ ആകൃഷ്ടയായി എന്നൊക്കെ കേട്ടിട്ടില്ലേ? അതുപോലൊരു അവസ്ഥയിലായിരുന്നു ഞാനും. വളരെ യാദൃശ്ചികമായാണ് ഞാൻ ഈ പുഷ്പത്തെ കണ്ടുമുട്ടിയത്. അനന്ദ്രക്കാരനെയും ഭാര്യയെയും എയർപോർട്ടിൽ വിട്ടിട്ട് ആലപ്പുഴയ്ക്ക് വരുന്ന വഴിയിൽ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ അരൂർ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന ചേട്ടനെയും കൂടി പിക് ചെയ്യാമെന്ന് വിചാരിച്ചു. അതിനായി ഞങ്ങൾ വണ്ടി അങ്ങോട്ടേക്ക് തിരിച്ചു. റോഡുപണി നടക്കുന്നതിനാൽ പ്രത്യേകിച്ച് മനോഹരമായ കാഴ്ചകളൊന്നും കണ്ണിൽ പതിച്ചില്ല. ബാങ്കിന്റെ മുന്നിലേക്ക് വണ്ടി ഒതുക്കിനിർത്തുമ്പോഴാണ് ബാങ്കിന്റെ ഇടത് വശത്ത്, റോഡുപണി നടക്കുന്ന പില്ലറുകൾക്ക് മുകളിലുള്ള പണി തീരാത്ത ഉയരപ്പാതയെ തൊട്ടുനിൽക്കുന്ന പോലെ, കടും പിങ്കും ചുവപ്പും മഞ്ഞയും ഇടകലർന്ന വലിയ പൂക്കളും, പൂക്കളോടൊപ്പം പാതിവിടർന്നതും വിടരാത്തതുമായ ഉരുണ്ട മൊട്ടുകളും, ആലിന്റെ വേരുകൾപോലെ താഴേക്ക് പടരുന്ന ചെറിയ ശാഖകളും ഉള്ള ഒരു വിചിത്രമരമാണ് എന്റെ കണ്ണിൽ പതിച്ചത്. പൂവിന്റെ ഭംഗി ഒരു രക്ഷയുമില്ല. ആരുടെയും മനംമയക്കുന്ന സൗന്ദര്യമെന്ന് പറയാം. കണ്ടമാത്രത്തിൽ തന്നെ ഞാൻ അതിൽ മുഴുകിപ്പോയി. വണ്ടി നിർത്തിയതുമാത്രം ഞാൻ ആരോടും അനുവാദം ചോദിക്കാതെ ഇറങ്ങി പൂവിനടുത്തേക്ക് നടന്നു. ഭംഗി മാത്രമാണോ എന്നു വിചാരിച്ച് ഒന്ന് മണത്തു നോക്കി. ആഹാ! നല്ല മണവുമുണ്ട്. പൂക്കളോടൊപ്പം പകുതി വിരിഞ്ഞതും വിടരാത്തതുമായ മഞ്ഞയും ഇളം പച്ചയും നിറത്തിലുള്ള ഉരുണ്ട മൊട്ടുകളും ഉണ്ടായിരുന്നു. ഒരു പൂ പറിക്കാതെ തിരിച്ചു പോകാൻ മനസ്സ് അനുവദിച്ചില്ല. പക്ഷേ ഞാൻ ഒന്ന് തൊട്ടതുമാത്രം അതിന്റെ ഇതളുകൾ എല്ലാം അടർന്ന് പോയി. എനിക്കാകെ വിഷമമായി. കൊഴിഞ്ഞുപോകാൻ ആയ പൂവായിരിക്കുമെന്ന് കരുതി മറ്റൊരു പൂവിനെ സമീപിച്ചു. അതും ഞാൻ പിടിച്ചതുമാത്രം ഇതളുകൾ കൊഴിഞ്ഞു. എങ്കിലും ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഇത്തവണ പൂവോടുകൂടിയ ഒരു തണ്ടിൽ പിടിച്ച് ഒടിക്കാൻ ശ്രമിച്ചു. പക്ഷേ ആലിന്റെ വേരിനെ ഓർമ്മിപ്പിക്കുന്ന അതിന്റെ ചെറിയ ശിഖരത്തിന്റെ കട്ടി എന്റെ കൈകൾക്ക് താങ്ങാനാവാത്തതായിരുന്നു. നിരാശയോടെ നിൽക്കുമ്പോഴാണ് എന്റെ അടുത്ത് എന്തോ വീഴുന്ന ശബ്ദം കേട്ടത്. നോക്കിയപ്പോൾ ഒരു ചെറിയ കത്തി. തിരിഞ്ഞുനോക്കുമ്പോൾ മുന്നിലെ മൊബൈൽ ഷോപ്പുകാരൻ ചേട്ടനാണ്. ചേട്ടൻ പറഞ്ഞു: “തൊട്ടാൽ കൊഴിഞ്ഞുപോകും… പതുക്കെ മുറിച്ചെടുത്താൽ മതി.” ഹാവൂ… സമാധാനം. ശാഖയോടുകൂടി മുറിക്കാൻ ശ്രമിച്ചു. പക്ഷേ കട്ടി കാരണം നടന്നില്ല. ഒടുവിൽ പതുക്കെ ഒരു പൂവിന്റെ ഞെട്ട് അറുത്തെടുത്തു. പൂവിന്റെ ഭംഗി നോക്കി കത്തി തിരിച്ചു കൊടുക്കാൻ കടയിൽ ചെന്നപ്പോഴാണ് ചേട്ടന്റെ ഡയലോഗ്: “നല്ല പൂവാണ്… സൂക്ഷിച്ചില്ലെങ്കിൽ ഒരുപാട് ദോഷമാണ്.” ഞാനൊന്ന് ഞെട്ടി. ദൈവമേ! വിഷം വല്ലതുമാണോ? എന്റെ മുഖം കണ്ടതാകാം, ചേട്ടൻ വീണ്ടും പറഞ്ഞു: “ഇത് സർപ്പഗന്ധിയാണ്. ആ പൂവിനകത്ത് നോക്കൂ… സർപ്പത്തിന്റെ ആകൃതിയില്ലേ? വളരെ ശുദ്ധിയോടെ സൂക്ഷിക്കണം. നല്ല വൃക്ഷമാണ്. പക്ഷേ ശുദ്ധമായ സ്ഥലത്ത് വെക്കണം. അശുദ്ധമാകരുത്. അല്ലെങ്കിൽ ദോഷമുണ്ടാകും.” എന്റെ എല്ലാ ഉത്സാഹവും പെട്ടെന്ന് പോയി. കാവും അനുഭവങ്ങളുമൊന്നും എനിക്കു വെറും കഥകളല്ലാത്തതിനാൽ. വണ്ടിയിലിരുന്ന മൂത്തചേച്ചിയുടെ നിർദേശപ്രകാരം പൂവിനെ മരത്തിന് താഴെവെച്ച് തന്നെ ഉപേക്ഷിച്ച് ഞാൻ വണ്ടിയിൽ കയറി. മരത്തിൽ നിന്ന് അപ്പോഴും പൂവിതളുകൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. താഴെ നോക്കിയാൽ മുഴുവൻ വേസ്റ്റ് കിടക്കുന്നു—റബർ ഷീറ്റുകളും പ്ലാസ്റ്റിക്കും റോഡുപണിയുടെ പൊടിപിടിച്ച അവശിഷ്ടങ്ങളും. അതിന്റെ മുകളിലായി കൊഴിഞ്ഞ ഇതളുകൾ സുഗന്ധം പരത്തി ഭംഗിയായി കിടക്കുന്നു. അടുത്തായി ഒരു ലോട്ടറി കച്ചവടക്കാരനും തണലിൽ ഇരിക്കുകയായിരുന്നു. ഞാൻ വീണ്ടും ഇറങ്ങി പൂവിന്റെ ഒരു ഫോട്ടോയും വീഡിയോയും എടുത്ത് മനസ്സിനെ ആശ്വസിപ്പിച്ചു. വീട്ടിലെത്തിയ പാടെ, ഉടുപ്പ് പോലും മാറാതെ, ഫോട്ടോ ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു. നാഗലിംഗ പുഷ്പം ശാസ്ത്രനാമം: Couroupita guianensis ഹിന്ദിയിൽ ശിവകമൽ, ഇംഗ്ലീഷിൽ Cannonball tree എന്നിങ്ങനെയാണ് വിളിക്കുന്നത്. വടക്കേ അമേരിക്കയാണ് സ്വദേശം. ഈ വൃക്ഷത്തിന്റെ കായ്കൾ പീരങ്കി ഉണ്ടകളെ അനുസ്മരിപ്പിക്കുന്നതിനാലാണ് Cannonball tree എന്ന് പേരായത്. പൂവിന്റെ മധ്യഭാഗത്ത് മഞ്ഞ നിറത്തിലുള്ള ശിവലിംഗാകൃതിയിലുള്ള കേസരവും അതിനു ചുറ്റും ചെറിയ ലിംഗാകൃതിയിലുള്ള കേസരങ്ങളും കാണാം. അതിനെ മറയ്ക്കുന്ന പോലെ പത്തിവിടർത്തിയ നാഗത്തിന്റെ രൂപമുള്ള ഭാഗവുമുണ്ട്. ഈ രൂപസാദൃശ്യം കൊണ്ടാണ് ഇതിന് “നാഗലിംഗ പുഷ്പം” എന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്. പൂവിന് ആറ് ഇതളുകളാണ്. ചുവട്ടിൽ പിങ്ക് നിറം, നടുവിൽ ചുവപ്പ്, അഗ്രഭാഗത്ത് മഞ്ഞ—ചെറിയ താമര ഇതളുകളെ ഓർമ്മിപ്പിക്കുന്ന മനോഹരമായ നിറച്ചേരൽ. ലിംഗാകൃതിയിലുള്ള കേസരങ്ങൾ പരാഗണത്തിനും, നാഗഫണത്തിന്റെ രൂപത്തിലുള്ള ഭാഗം തേനീച്ചകളെ ആകർഷിക്കാനുമുള്ളതാണ്. ശിവലിംഗത്തിന്റെയും പത്തിവിടർത്തിയ സർപ്പത്തിന്റെയും രൂപസാദൃശ്യം കൊണ്ടാവാം ഇതിന് “കൈലാസപതി” എന്ന പേരും ലഭിച്ചത്. അതുകൊണ്ടുതന്നെ പല ശിവക്ഷേത്രങ്ങളിലും ഈ പുഷ്പത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഉഷ്ണമേഖലാ മഴക്കാടുകളിലാണ് ഈ വൃക്ഷം കൂടുതലായി കാണപ്പെടുന്നത്. Lecythidaceae എന്ന സസ്യകുടുംബത്തിൽ പെടുന്ന ഈ ഇലപൊഴിയുന്ന വൃക്ഷം പലവിധ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.
Previous
Next
Comments No ratings yet

Create an account to join the conversation on this chapter.

Register to Comment

No comments yet. Be the first to share your thoughts!

Table of Contents
Nagalinga Pushpam(നാഗലിംഗ പുഷ്പം) by Asha Lenins